
ഇടവം പാതിയോടെ മഴക്കാലം ഇങ്ങെത്തും,മഴക്കൊപ്പം ആധികളും. എന്തിനാണു നാം മഴയെ ഇത്രമാത്രം പേടിക്കുന്നത്︖. മഞ്ഞുകാലത്തിനു ശേഷം വരണ്ടുണങ്ങി ഉരുകുന്ന മൺ തരികളിൽ കുളിരുമായി പെയ്തിറങ്ങുന്ന മഴക്കാലം,ഈ മഴക്കാലത്തിനായി കാത്തിരിക്കുന്ന എല്ലാ ജീവജാലങ്ങളും മഴയെ വരവേൽക്കുമ്പോൾ നാം മാത്രം മഴയെ എന്തിനു പേടിക്കണം .
നമുക്കു മഴക്കാലം രോഗങ്ങളുടെ കാലമാണ്. ജലദോഷം,ചുമ, പനി , പനിതന്നെ എത്ര വിധം, വൈറൽ ഫീവർ, ചിക്കൻഗുനിയ,ഡെങ്കിപ്പനി, പിന്നെങ്ങനെ മഴയെ പേടിക്കാതിരിക്കും. കുറച്ചു മുൻകരുതലുകൾ ഉണ്ടെങ്കിൽ നമുക്കും മഴക്കാലത്തെ ആസ്വദിക്കാനാകും.
മഴക്കാലത്തു ഏറ്റവും കൂടുതൽ പനിയും ജലദോഷവുമാണ് നമ്മെ ബുദ്ധിമുട്ടിക്കുന്നത്. പനിയുടെ തുടക്ക ലക്ഷണമാണ് വിശപ്പില്ലായ്മയും തൊണ്ടവേദനയും ദേഹത്തുവേദനയും.പൂർണ വിശ്രമമാണു ഏറ്റവും ഉത്തമം.ശരീരത്തിനൊപ്പം മനസിനും പൂർണ്ണ വിശ്രമം നൽകണം. പനിമരുന്നുകൾ കഴിക്കുമ്പോൾ ഒരുകാര്യം നാം ഓർക്കുന്നത് നല്ലതാണു, പനികുറക്കാനായി കഴിക്കുന്ന മരുന്നുകളിൽ പലതും ചെറിയതോതിലെങ്കിലും നമ്മുടെ കരളിനും വൃക്കയ്ക്കും കേടുപാടുകളുണ്ടാക്കുന്നവയാണ്.
വയറിനു ദഹിപ്പിക്കാനാകുന്ന ഭക്ഷണ സാധങ്ങൾ മാത്രമേ ഈ സമയത്തു കഴിക്കാവു.മറിച്ചായാൽ അത് ഛർദിക്കു വഴിയൊരുക്കും. പലരും പേടി കാരണം ഛർദി തടഞ്ഞു നിർത്തും, എന്നാൽ അത് മരണകാരണം വരെ ആയേക്കാം എന്നതിനാൽ ഒരിക്കലും അതിനു മുതിരരുത്.പഴവർഗങ്ങൾ കഴിക്കുന്നതും കൂടുതൽ വെള്ളം കുടിക്കുന്നതാണ് ഈ സമയത്തു ഉത്തമം.
മഴക്കാല മുൻകരുതലുകളാണ് ഏക പോംവഴി. പരമാവധി മഴ നനയാതെ കുട ഉപയോഗിച്ചു നടക്കുക, തണുത്ത ഭക്ഷണ സാധനങ്ങൾ കഴിക്കാതിരിക്കുക,പാക്കറ്റ് ഉൽപ്പന്നങ്ങൾ കഴിവതും ഒഴിവാക്കുക തുടങ്ങി ശ്രദ്ധിച്ചാൽ ഒട്ടും പേടിക്കാതെ നമുക്കു മഴക്കാലത്തെ ആസ്വദിക്കാൻ പറ്റും എന്നതിൽ സംശയമില്ല. മഴ പ്രകൃതിയുടെ ഒരു വലിയ വരദാനം തന്നെയാണ്.ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ മാത്രമാണ് ഓരോ മഴക്കാലത്തിനും ഓർമിപ്പിക്കാനുള്ളതും നമുക്ക് നൽകാനുള്ളതും.
മഴ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ ഇനിയുള്ള മഴക്കാലമെങ്കിലും നമുക്ക് ആസ്വദിക്കാം.